റിയാദ്: റമദാനിൽ മക്ക ഹറമിലെത്തുന്നവരുടെ സഞ്ചാരം കൂടുതൽ എളുപ്പമാക്കാൻ കിങ് അബ്ദുൽ അസീസ് റോഡ് താത്കാലികമായി തുറന്നു. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു. റോഡ് നിർമാണത്തിലെ ഏറ്റവും പുതിയ ഘട്ടങ്ങൾ ഡെപ്യൂട്ടി ഗവർണർ പരിശോധിച്ചു. നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ്, ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജി. സാലിഹ് അൽ ജാസർ, ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, മക്ക ആക്ടിങ് മേയർ സാലിഹ് അൽതുർക്കി, മക്ക, മശാഇർ റോയൽ കമീഷൻ ചെയർമാൻ എൻജി. സാലിഹ് അൽറഷീദ് എന്നിവർ പങ്കെടുത്തു. റമദാൻ മാസത്തിൽ സന്ദർശകരുടെയും തീർഥാടകരുടെയും സഞ്ചാരം സുഗമമാക്കുന്നതിനാണ് നിർമാണ ജോലികൾ പുരോഗമിക്കുന്ന കിങ് അബ്ദുൽ അസീസ് റോഡിന്റെ 3.65 കിലോമീറ്റർ ദൂരം താത്കാലികമായി തുറന്നിരിക്കുന്നത്. ഇതോടെ ബസുകൾക്കും ഹറമിനടുത്ത ഹോട്ടലുകളിലെ അതിഥികൾക്കും ഹറമിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ എളുപ്പമാകും.