ലഖ്നോ> ഉത്തർപ്രദേശിലെ ഉമേഷ് പാൽ കൊലപാതകക്കേസിൽ ജയിലിലായ മുൻ എംപിയും ഗുണ്ടാ നേതാവുമായ ആതിഖ് അഹമ്മദിന്റെ മകൻ ആസദിനെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) ഏറ്റുമുട്ടലിൽ വധിച്ചു. അതിഖ് അഹമ്മദിന്റെ അടുത്ത കൂട്ടാളിയായ മുഹമ്മദ് ഗുലാമും കൊല്ലപ്പെട്ടതായാണ് വിവരം.
കൊല്ലപ്പെട്ട ഇരുവരും ഉമേഷ് പാൽ കൊലക്കേസിൽ പോലീസ് തിരയുന്നവരാണ്. ഉമേഷ് പാലിന്റെ കൊലപാതകത്തിന് പിന്നാലെ ആസാദിനെ കൊടുകുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് യുപി സർക്കാർ അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
2005 ല്‍ ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാല്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഫെബ്രുവരി 24നാണ് ഉമേഷ് പാല്‍ വെടിയേറ്റ് മരിച്ചത്. രണ്ട് കൊലക്കേസുകളിലേയും മുഖ്യപ്രതി അതീഖ് അഹമ്മദാണ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന അതീഖിന്റെ ഭാര്യാസഹോദരന്‍ അഖ്‌ലാഖ് അഹമ്മദിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു.