സൂറത്ത്: മാനനഷ്ട കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെതിരെയുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി ഈമാസം 20ന് വിധി പറയും. വ്യാഴാഴ്ച മണിക്കൂറുകൾ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കേസ് വിധി പറയാൻ മാറ്റിയത്.
സൂറത്ത് അഡീഷനൽ കോടതി ജഡ്ജി റോബിൻ മൊഗ്രെയാണ് കേസ് പരിഗണിക്കുന്നത്. കോടതി ഇതുവരെ കാണാത്ത സീനിയർ അഭിഭാഷകരുടെ വാദപ്രതിവാദമാണ് നടന്നത്. രാഹുലിനായി ആർ.എസ്. ചീമയാണ് ഹാജരായത്. ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്താണ് പരാതി നൽകിയതെന്നും ഒരു കാരണവശാലും ഒരു സമുദായത്തെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. കർണാടകയിലെ കോലാറിൽ നടന്ന സംഭവത്തിൽ സൂറത്തിൽ എങ്ങനെയാണ് കേസെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, വലിയ അഹങ്കാരമുള്ള നേതാവാണ് രാഹുൽ ഗാന്ധിയെന്നും വിവാദ പരാമർശത്തിൽ ഖേദപ്രകടനം പോലും നടത്തിയില്ലെന്നും പരാതിക്കാരനായ പൂർണേഷ് മോദിയുടെ അഭിഭാഷകൻ ഹർഷിത് തോലിയ കുറ്റപ്പെടുത്തി. സെഷൻ കോടതി കേസ് നൽകുമ്പോൾ അദ്ദേഹം നേരിട്ട് ഹാജരാകുന്നതിന് പകരം വലിയ ജനക്കൂട്ടവുമായാണ് എത്തിയതെന്നും ഇളവ് നൽകരുതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേ ഉത്തരവുണ്ടായില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും. വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങും. മോദി എന്ന സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നാണ് രാഹുലിന്റെ വാദം. സൂറത്ത് സി.ജെ.എം കോടതി വിധി റദ്ദാക്കണമെന്നും അപ്പീലിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രാഹുൽ അപ്പീൽ നൽകിയത്.
വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്‌സഭ അംഗത്വം തിരികെ ലഭിക്കും. എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി എം.എൽ.എയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയാണ് ഹരജി നൽകിയത്. രാഹുൽ കുറ്റക്കാരനാണെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് വിധിക്കുകയും ചെയ്തു. പിന്നാലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയത്.