ബെംഗളൂരു : സര്‍ക്കാര്‍ കോളേജുകളിലെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ശമ്പളം വര്‍ധിപ്പിച്ചത്. ആയിരക്കണക്കിന് ഗസ്റ്റ് അധ്യാപകര്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം ഗുണകരമാകുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ താല്‍പര്യപ്രകാരമാണ് നടപടി. ഗസ്റ്റ് അധ്യാപകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അദ്ദേഹം നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് 13000 രൂപയും അല്ലാത്തവര്‍ക്ക് 11,000 രൂപയുമായിരുന്നു നേരത്തെ ശമ്പളം. ഇപ്പോള്‍ കുറഞ്ഞത് 26000 രൂപയെങ്കിലും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പരമാവധി 32,000 രൂപ നല്‍കും. എല്ലാ മാസവും 10ാം തീയതിക്ക് മുമ്പായി ശമ്പളം നല്‍കും. സെമസ്റ്റര്‍ കരാറിന് പകരം വര്‍ഷത്തിലുള്ള കരാറിലാകും ഇനി നിയമനം. യുജിസി നിഷ്‌കര്‍ഷിച്ച മാനദണ്ഡം നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പരീക്ഷയും അഭിമുഖവും നടത്തിയതിന് ശേഷമായിരിക്കും ഇനി നിയമനങ്ങള്‍. സീനിയോരിറ്റിക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കും.