കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പു കേസിൽപ്രതി ഷാരൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുന്നു. ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ട് എന്നായിരുന്നു ദൃക്സാക്ഷികൾ നൽകിയ മൊഴി. എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണസംഘം കണ്ടെത്തിയത്. ട്രെയിനിനകത്ത് വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
സംഭവ സ്ഥലത്തുനിന്ന് കിട്ടിയ ബാഗിന് സമീപം ചുവന്ന നിറത്തിലുള്ള ടീഷർട്ട് കണ്ടെടുത്തിരുന്നു. ഇത് ഇയാളുടേതാണോ എന്നറിയാനുള്ള പരിശോധന പുരോഗമിക്കുകയാണ്. ബാഗിൽ നിന്ന് കണ്ടെത്തിയ ആണികൾ എന്തിനായിരുന്നു എന്ന കാര്യത്തിൽ ഇതുവരെ ഷാറൂഖ് കൃത്യമായ മറുപടി നൽകിയിട്ടില്ല. ഫർണിച്ചറുകളിൽ ഉപയോഗിക്കുന്ന തരം ആണി അല്ല എന്നാണ് അന്വേഷണസംഘം പറയുന്നത്. ഷാറൂഖിനെ ഇന്ന് വീണ്ടും തെളിവെടുപ്പിന് ഇറക്കിയേക്കും. ഷൊർണൂർ, എലത്തൂർ എന്നിവിടങ്ങളിൽ ആണ് ഇനി തെളിവെടുപ്പ് നടക്കനുള്ളത്.