കോഴിക്കോട് : അരിക്കൊമ്പന്റെ പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ ഏറെ പ്രയാസമുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. പറമ്പിക്കുളത്തേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ വലിയ ജനകീയ പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തിൽ ജനങ്ങളെ പ്രകോപിപ്പിച്ച് നടപടിയുമായി മുന്നോട്ട് പോകുക എന്നത് പ്രയാസമുള്ള കാര്യമാണ്. നെന്മാറ എംഎൽഎ കെ ബാബു കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി മറ്റിടങ്ങളിലേക്ക് മാറ്റുന്നതിലുള്ള സാധ്യത പരിശോധിക്കാൻ നിർദേശിച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ എല്ലായിടത്തും ജനകീയ പ്രതിഷേധം ഉണ്ടാകും എന്നാണ് വ്യക്തമാകുന്നത്.
സുരക്ഷിതമായ, ജനവാസ മേഖല അല്ലാത്ത സ്ഥലം ഇല്ലെന്ന് വനം വകുപ്പ് കണ്ടെത്തി. സങ്കീർണതകൾ സുപ്രീം കോടതിയിൽ ധരിപ്പിക്കുയും സമയം നീട്ടി നൽകാൻ ആവശ്യപ്പെടുകയും ചെയ്യും. ഇന്ന് തന്നെ ഓൺലൈൻ ആയി സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിക്കും. അല്ലെങ്കിൽ തിങ്കളാഴ്ച തന്നെ ഹർജി നൽകും. നേരത്തെ പിടികൂടിയ കാട്ടാനകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നുണ്ടെന്ന് നേരിട്ട് ബോധ്യപ്പെട്ടു. ആനപ്രേമി സംഘം, പരിസ്ഥിതി വാദം എന്നിവയ്ക്ക് അമിത പ്രാധാന്യം കോടതി നൽകിയതായി തോന്നുന്നുവെന്നും എ ക ശശീന്ദ്രൻ പറഞ്ഞു.