തിരുവനന്തപുരം: അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ സുപ്രീംകോടതിയെ ധരിപ്പിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന്റെ നിലപാടിന് അനുകൂലമായ വിധി സമ്പാദിക്കുന്നതിനുള്ള നപടികളാണ് സ്വീകരിക്കുന്നത്. കേസ് തിങ്കളാഴ്ച്ച തന്നെ കോടതിയുടെ മുമ്പാകെ എത്തിക്കാനാണ് ശ്രമിക്കുന്നത്. വിധി ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ശശീന്ദ്രന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
അരിക്കൊമ്പന്റെ പുനരധിവാസ പദ്ധതി നടപ്പിലാക്കാന്‍ ഏറെ പ്രയാസമുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ വലിയ ജനകീയ പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തില്‍ ജനങ്ങളെ പ്രകോപിപ്പിച്ച് നടപടിയുമായി മുന്നോട്ട് പോകുക എന്നത് പ്രയാസമുള്ള കാര്യമാണ്. നെന്മാറ എംഎല്‍എ കെ ബാബു കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി, മറ്റിടങ്ങളിലേക്ക് മാറ്റുന്നതിലുള്ള സാധ്യത പരിശോധിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ എല്ലായിടത്തും ജനകീയ പ്രതിഷേധം ഉണ്ടാകും എന്നാണ് വ്യക്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു.
”നേരത്തെ പിടികൂടിയ കാട്ടാനകളെ നല്ല രീതിയില്‍ സംരക്ഷിക്കുന്നുണ്ടെന്ന് നേരിട്ട് ബോധ്യപ്പെട്ടു. ആനപ്രേമി സംഘം, പരിസ്ഥിതി വാദം എന്നിവയ്ക്ക് അമിത പ്രാധാന്യം കോടതി നല്‍കിയതായി തോന്നുന്നുവെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഹൈക്കോടതി വിധി സുപ്രീംകോടതി ശരി വെച്ചാല്‍ സര്‍ക്കാരിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതാകും. കോടതി വിധി നടപ്പാക്കേണ്ടി വരും. ജനങ്ങളുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്.” അത് മുന്‍നിര്‍ത്തിയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ജനങ്ങളുടെ ആശങ്ക കാണാതിരിക്കാന്‍ ആവില്ലെന്നും മന്ത്രി വ്യക്തമാക്കി.