സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാത്ത മനുഷ്യർ ഇന്ന് കുറവാണ്. അതിൽ തന്നെ ഫേസ്ബുക്കും വാട്ട്സാപ്പും ട്വിറ്ററും എല്ലാം പെടും. അതുപോലെ റെഡ്ഡിറ്റ് ഉപയോഗിക്കുന്നവരും ഒരുപാടുണ്ട്. വളരെ രസകരമായ പല കഥകളും ആളുകൾ റെഡ്ഡിറ്റിൽ പങ്ക് വയ്‍ക്കാറുണ്ട്. അതുപോലെ ഒരു സ്ത്രീ തന്റെ വില കൂടിയ എൻഗേജ്മെന്റ് റിങ് നഷ്ടപ്പെട്ട കഥ റെഡ്ഡിറ്റിൽ പങ്ക് വച്ചിരിക്കുകയാണ്.
പോസ്റ്റിൽ പറയുന്നത് തന്റെ സഹോദരന്റെ മക്കൾ തന്റെ വില കൂടിയ മോതിരം ടോയ്‍ലെറ്റിൽ വച്ച് ഫ്ലഷ് ചെയ്ത് കളഞ്ഞു എന്നാണ്. 18 ലക്ഷം രൂപ വില വരുന്ന മോതിരമാണ് സഹോദരന്റെ രണ്ട് മക്കളും കൂടി ഫ്ലഷ് ചെയ്ത് കളഞ്ഞത്. അതിനാൽ തന്നെ സഹോദരനോട് അത്രയും വില വരുന്ന മോതിരം പകരം വാങ്ങിത്തരാനോ ആ പണം തരാനോ താൻ ആവശ്യപ്പെട്ടിരിക്കുകയാണ് എന്നാണ് യുവതി പറയുന്നത്.
യുവതി പറയുന്നത് ഇങ്ങനെയാണ്, താൻ എല്ലായ്‍പ്പോഴും എൻഗേജ്മെന്റ് റിങ് ധരിക്കാറില്ല. ഏതെങ്കിലും പ്രത്യേക അവസരങ്ങളിൽ മാത്രമാണ് ധരിക്കാറുള്ളത്. അല്ലാത്തപ്പോഴെല്ലാം കിടപ്പുമുറിയിൽ ഒരു ഡ്രോയറിനകത്താണ് മോതിരം സൂക്ഷിക്കുന്നത്. അന്ന് സഹോദരനും മക്കളും കൂടി താനൊരുക്കിയ ഡിന്നറിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. സഹോദരന്റെ മക്കൾക്ക് നാലും എട്ടും വയസാണ്. അവർ രണ്ടുപേരും കൂടി ആരും ശ്രദ്ധിക്കാത്തപ്പോൾ തന്റെ മുറിയിൽ കയറി. അവിടെയുണ്ടായിരുന്ന എല്ലാമെടുത്ത് അവർ കളിക്കാൻ തുടങ്ങി. അക്കൂട്ടത്തിൽ തന്റെ എൻഗേജ്മെന്റ് റിങ്ങും ഉണ്ടായിരുന്നു. എന്നാൽ, അതെടുത്ത് കളിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ കുട്ടികൾ പേടിക്കുകയും പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ടോയ്‍ലെറ്റിൽ കയറി അത് ഫ്ലഷ് ചെയ്ത് കളയുകയുമായിരുന്നു എന്നാണ് യുവതി പറയുന്നത്.
സഹോദരൻ കുട്ടികളെ ശ്രദ്ധിക്കാത്തതുകൊണ്ടാണ് അവർ ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്നാണ് യുവതി പറയുന്നത്. ഒപ്പം തന്റെ കയ്യിൽ മോതിരത്തിന്റെ ബിൽ ഉണ്ടായിരുന്നു. അത് സഹോദരന് സ്കാൻ ചെയ്ത് അയച്ചു കൊടുത്തു. മോതിരത്തിന്റെ പണം തരാനും ആവശ്യപ്പെട്ടു. എന്നാൽ, സഹോദരൻ തന്നെ ചീത്ത വിളിക്കുകയായിരുന്നു. അവർ കുട്ടികളല്ലേ, നമ്മളൊരു കുടുംബമല്ലേ എന്നാണ് സഹോദരൻ ചോദിച്ചത്. എന്നാൽ, തനിക്ക് എന്തായാലും തന്റെ മോതിരത്തിന്റെ പണം വേണം എന്നാണ് യുവതി പറയുന്നത്.
കമന്റ് ബോക്സിൽ ഭൂരിഭാഗം പേരും യുവതിയെ പിന്തുണച്ചാണ് സംസാരിച്ചത്. ആ പണം ചോദിച്ച് വാങ്ങുന്നതിൽ ഒരു തെറ്റുമില്ല എന്ന് തന്നെയായിരുന്നു മിക്കവരുടേയും അഭിപ്രായം.