തിരുവനന്തപുരം : സില്‍വര്‍ ലൈന്‍, സാമൂഹിക ആഘാത പഠനത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം. ആദ്യഘട്ട പഠനം പദ്ധതി കടന്ന് പോകുന്ന 11 ജില്ലകളിലാണ്. ദിവസവും 5 മുതല്‍ 10 വരെ കുടുംബങ്ങളെ സര്‍വേ സംഘം സമീപിക്കും. മറ്റു ജില്ലകളിലും നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. മേയില്‍ 11 ജില്ലകളിലെയും സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുക്കലിലേക്കു നീങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന്റെ എല്ലാ വന്‍കിട പദ്ധതികള്‍ക്കും തടസ്സമാകുന്നത് ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസമാണ്. എന്നാല്‍, സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഭൂമി നഷ്ടപ്പെടുമെന്ന ഭയം കാരണം ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള പ്രതിഷേധങ്ങള്‍ നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ തീരുമാനമാകുന്നതോടെ അയയുമെന്നാണ് കണക്കുകൂട്ടല്‍.