ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ തുറന്ന സമരം നടത്തിയതിന് കോൺഗ്രസ് നേതൃത്വം ഉയർത്തിയ അച്ചടക്ക വാളിന്റെ മുനയൊടിച്ച് യുവനേതാവ് സചിൻ പൈലറ്റ്. വസുന്ധര രാജെ നയിച്ച കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യം പാർട്ടിവിരുദ്ധമാകുന്നത് എങ്ങനെ?
കോൺഗ്രസിന്റെ കൊടിയോ സന്നാഹങ്ങളോ ഉപയോഗിക്കാതെ, പരസ്യ പ്രസ്താവനകളില്ലാതെ നടത്തിയ മൗന ഉപവാസം പാർട്ടി വിരുദ്ധമാണെന്ന് കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനമെന്ത്?
കോൺഗ്രസ് ഹൈകമാൻഡ് നിർദേശിച്ചപ്രകാരം മാസങ്ങൾക്കുമുമ്പ് വിളിച്ച കോൺഗ്രസ് നിയമസഭ കക്ഷി യോഗം ബഹിഷ്കരിച്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും ഒപ്പം നിന്നവർക്കുമെതിരെ അച്ചടക്ക നടപടി എടുക്കാത്ത നേതൃത്വം, തനിക്കെതിരെ നടപടിയെടുക്കുന്നത് വിവേചനപരമല്ലേ?
ഡൽഹിയിൽ സചിൻ പൈലറ്റുമായി സംസാരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചുമതലപ്പെടുത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരോടാണ് സചിൻ ഈ ചോദ്യമുന്നയിച്ചത്.
ഇരുവർക്കും മറുപടിയുണ്ടായില്ല. മുഖ്യമന്ത്രി ഗെഹ്ലോട്ട് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇത്തരമൊരു സാഹചര്യത്തിൽ സചിനെതിരെ നടപടി ഉണ്ടാവില്ല. മാസങ്ങൾക്കകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രണ്ടു നേതാക്കളെയും അനുനയിപ്പിക്കാനാണ് ഇപ്പോൾ ശ്രമം.