ന്യൂഡൽഹി: വധശിക്ഷ വിധിച്ചവരുടെ ദയാഹരജിയിൽ തീരുമാനം പരിധിവിട്ട് വൈകരുതെന്ന് സുപ്രീംകോടതി. കോടതി വിധിക്ക് വിലയില്ലാതാക്കുന്നതാണ് അനന്തമായ നീട്ടിക്കൊണ്ടുപോകൽ. കേസിലെ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതുമായും ഇതിന് ബന്ധമുണ്ട്. സർക്കാറും ബന്ധപ്പെട്ട അധികൃതരും നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
രണ്ടു സ്ത്രീകളുടെ വധശിക്ഷ ലഘൂകരിച്ച ബോംബെ ഹൈകോടതി വിധി ചോദ്യംചെയ്ത മഹാരാഷ്ട്ര സർക്കാറിന്റെ ഹരജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ദയാഹരജി തീർപ്പാക്കുന്നതിൽ ഏഴു വർഷമായി വിശദീകരിക്കാനാകാത്ത കാലതാമസം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചത്.
ഹൈകോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമാക്കി മാറ്റുമ്പോൾ കുറ്റകൃത്യത്തിന്റെ ഗൗരവംകൂടി പരിഗണിക്കണമെന്ന് നിരീക്ഷിച്ചു.