ചര്‍മ്മത്തിന്‍റെ സ്വഭാവം എല്ലാവര്‍ക്കും ഒരുപോലെയാകില്ല. ചിലര്‍ക്ക് വരണ്ട ചര്‍മ്മം ആണെങ്കില്‍, മറ്റുചിലര്‍ക്ക് എണ്ണമയമുളള ചര്‍മ്മം ആയിരിക്കും. ഓരോ ചര്‍മ്മത്തിനും അനുയോജ്യമായ ഫേസ് പാക്കുകള്‍ വീട്ടില്‍ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് ഉത്തമം. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച് കഴുകുക എന്നതാണ്. അതുപോലെ തന്നെ, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക. എണ്ണമയമുള്ള ചർമ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
- ഒന്ന്…
- രണ്ട് ടീസ്പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. നല്ലൊരു മോയിസ്ചറൈസറായി ഈ പാക്ക് പ്രവര്‍ത്തിക്കും.
- രണ്ട്…
- ആപ്പിൾ സിഡെർ വിനെഗറിന് ചർമ്മത്തിലെ എണ്ണയുടെ അളവ് കുറയ്ക്കാൻ കഴിയും. ഇതിനായി രണ്ട് സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക.
- മൂന്ന്…
- ഒരു ടീസ്പൂൺ കറ്റാർവാഴ നീരിൽ ഒരു ടീസ്പൂൺ തൈരും അര ടീസ്പൂൺ ചന്ദനപ്പൊടിയും ചേർത്ത് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
- നാല്…
- ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടി, രണ്ട് ടീസ്പൂൺ കട്ടത്തൈര് എന്നിവ യോജിപ്പിക്കുക. കുഴമ്പ് പരുവത്തിൽ മിശ്രിതം ആകുന്നത് വരെ മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് എണ്ണമയമുള്ള ചര്‍മ്മത്തിന് പരീക്ഷിക്കാവുന്ന ഒന്നാണ്.
- അഞ്ച്…
- ഒരു നുള്ള് മഞ്ഞള്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് ഈ പാക്ക് ഉപയോഗിക്കാം.
- ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.