പമ്പ: വിഷു ദിനത്തില്‍ ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 4 മണിക്കാണ് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി കെ.ജയരാമന് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്നു. തുടര്‍ന്ന് ശ്രീകോവിലിനുള്ളിലെ വിളക്കുകള്‍ തെളിച്ച് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിച്ചു. ശേഷം ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കി. 4 മണി മുതല്‍ 7 മണി വരെയായിരുന്നു വിഷുക്കണി ദര്‍ശനം. ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും അയ്യപ്പഭക്തര്‍ക്ക് വിഷു കൈനീട്ടവും നല്കി. 4.30ന് മഹാഗണപതി ഹോമവും നടന്നു. 7.30 ന് ഉഷപൂജയും 8 മണി മുതല്‍ 11-30 വരെ നെയ്യഭിഷേകവും ഉണ്ടായിരുന്നു.