തൃശൂര്‍: തൃശ്ശൂര്‍ ചേലക്കര കിള്ളിമംഗലത്ത് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. അടയ്ക്ക വ്യാപാരി അബ്ബാസ് ( 48), സഹോദരന് ഇബ്രാഹിം (41) , ബന്ധുവായ അല്‍ത്താഫ് (21 ), അയല്‍വാസി കബീര്‍ (35 )എന്നിവരാണ് അറസ്റ്റിലായത്. അടയ്ക്ക മോഷണ മാരോപിച്ച് സന്തോഷ് എന്ന 32കാരനെ മര്‍ദ്ദിച്ച കുറ്റത്തിനാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായ വെട്ടിക്കാട്ടിരി നമ്പുളളിപ്പടി വീട്ടില്‍ സന്തോഷ് ഗുരുതരാവസ്ഥയിലാണ്.
കിള്ളിമംഗലം സ്വദേശി അബാസിന്റെ വീട്ടില്‍ നിന്ന് അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ആയിരുന്നു ആക്രമണം. പുലര്‍ച്ചെ 2 മണിയോടെയാണ് കിള്ളിമംഗലത്ത് വച്ച് സന്തോഷിന് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തലയിലെ പരിക്ക് അതീവ ഗുരുതരമാണ്. മുഖത്തും ക്ഷതമുണ്ട്.