ദില്ലി: ആത്തിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ വിമർശനവമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പൊലീസ് സുരക്ഷയിലിരിക്കെ എങ്ങനെ ഇത് സംഭവിച്ചെന്ന് വിശദീകരിക്കണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇങ്ങനെയെങ്കിൽ പൊതുജനങ്ങൾക്ക് എങ്ങനെ സുരക്ഷ ലഭിക്കും. യുപിയിൽ കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയെന്നും അഖിലേഷ് യാദവ് വിമർശിച്ചു.
മുൻഎംപിയും കൊലക്കേസ് പ്രതിയുമായ ആത്തിഖ് അഹമ്മദ് വെടിയേറ്റ് മരിക്കുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകും വഴി പൊലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം. മൂന്ന് പേർ വെടി വെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രയാഗ്‌രാജിലെ ധൂമംഗഞ്ച് പോലീസ് സ്‌റ്റേഷനിൽ നടന്ന വെടിവെപ്പിൽ ഗുണ്ടാസംഘം ആത്തിഖ് അഹമ്മദിനേയും സഹോദരൻ അഷ്‌റഫിനേയും വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പുറത്ത് നിന്ന് എത്തിയവർ വെടിവെച്ചെന്നാണ് പൊലീസ് പറയുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികൾ ആൾക്കൂട്ടത്തിനു ഇടയിൽ നിന്നും തലയ്ക്ക് വെടിവെക്കുകയായിരുന്നു. ആദ്യം വെടിവച്ചത് ആതിക്കിനെയായിരുന്നു. പിന്നീട് അഷ്റഫിനെയും വെടിവെച്ചു. രണ്ടുപേരും പെട്ടെന്ന് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർ പൊലീസിന്റെ പിടിയിലായി.