ലഖ്നോ: സമാജ്‍വാദി പാർട്ടി മുൻ എം.പി ആതിഖ് അഹ്മദും സഹോദരൻ അഷ്റഫ് അഹ്മദും വെടിയേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എല്ലാ പൊതു പരിപാടികളും റദ്ദാക്കി. സംസ്ഥാനത്തെ അയോധ്യ അടക്കമുള്ള മതപരമായ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു. അയോധ്യയിലും വാരാണസിയിലും മധുരയിലും അധികസുരക്ഷയാണ് ഏർപ്പെടുത്തിയത്.
സംശയകരമായ സാഹചര്യത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെടുകയോ ആരെയെങ്കെിലും ക്ഷേത്ര പരിസരങ്ങളിൽ കാണുകയോ ചെയ്താൽ ശ്രദ്ധയിൽ പെടുത്തണമെന്നും പുരോഹിതൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.അയോധ്യയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചു. രാമക്ഷേത്ര നിർമാണം നടക്കുന്നസ്ഥലത്ത് സി.ആർ.പി.എഫും പ്രാദേശിക പൊലീസും ഉൾപ്പെടെയുള്ള ത്രീ ടയർ സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ന് നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിരിക്കുകയാണ് യോഗി ആദിത്യനാഥ്. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമ്മിറ്റിയെ നിയമിച്ചിട്ടുമുണ്ട്.