മിസ് ഇന്ത്യ 2023 കിരീടം ചൂടി രാജസ്ഥാൻ സ്വദേശിനി നന്ദിനി ഗുപ്ത. ഡൽഹിയിലെ ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണർ അപ്പും മണിപ്പൂരിലെ തൗനോജം സ്ട്രെല ലുവാങ് സെക്കന്‍റ് റണ്ണർ അപ്പുമായി. 19 കാരിയായ നന്ദിനി രാജസ്ഥാനിലെ കോട്ട സ്വദേശിനിയും ബിസിനസ് മാനേജ്മെന്‍റില്‍ ബിരുദധാരിയുമാണ്.
മണിപ്പൂർ ഇംഫാലിലെ ഖുമാന്‍ ലംപക്കിലുള്ള ഇൻഡോർ സ്‌റ്റേഡിയത്തിലാണ് 59മത് മിസ് ഇന്ത്യ മത്സരം നടന്നത്. ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പേരാണ് ഫിനാലെ കാണാനെത്തിയത്. ബോളിവുഡ് താരങ്ങളായ കാര്‍ത്തിക് ആര്യനും, അനന്യ പാണ്ഡെയും സ്റ്റേജില്‍ പെര്‍ഫോമന്‍സുകളുമായി എത്തി. മുൻ ജേതാക്കളായ സിനി ഷെട്ടി, റൂബൽ ഷെഖാവത്, ഷിനതാ ചൗഹാൻ, മാനസ വാരണാസി, മണിക ഷിയോകാന്ദ്, മാന്യ സിംഗ്, സുമൻ റാവു, ശിവാനി ജാദവ് എന്നിവരുടെ പ്രകടനങ്ങളും വേദിയെ ആവേശത്തിലാഴ്ത്തി.
2002ലെ മിസ് ഇന്ത്യ യൂണിവേഴ്‌സായ മെന്റർ നേഹ ധൂപിയ, ഇന്ത്യൻ ബോക്‌സിങ് ഐക്കൺ ലൈഷ്‌റാം സരിതാ ദേവി, പ്രശസ്ത കൊറിയോഗ്രാഫർ ടെറൻസ് ലൂയിസ്, ചലച്ചിത്ര നിർമാതാവും എഴുത്തുകാരനുമായ ഹർഷവർദ്ധൻ കുൽക്കർണി, എയ്‌സ് ഡിസൈനർമാരായ റോക്കി സ്റ്റാർ, നമ്രത ജോഷിപുര എന്നിവരടങ്ങിയ ജഡ്ജിമാരുടെ പാനലാണ് സംസ്ഥാന ജേതാക്കളെ വിലയിരുത്തിയത്.