കോട്ടയം : ബിഷപ്പ് ഫ്രാങ്കോയെ വെറുതേവിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ എടുത്തുകാട്ടുന്നത് പ്രാേസിക്യൂഷൻ്റെ വീഴ്ചകൾ. ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനും സ്ഥാപിക്കാനും കഴിഞ്ഞില്ലെന്ന് മാത്രമല്ല പല പ്രധാന വിവരങ്ങളും കോടതിക്ക് മുമ്പാകെ എത്താതെ പോയിട്ടുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഇരയുടെ മൊബൈൽ ഫോൺ ഹാജരാക്കിയില്ലന്നത് പ്രധാനമാണ്. അത് കിട്ടാത്തതിന് പറയുന്ന ന്യായം വിശ്വസനീയമല്ല. അതുണ്ടായിരുന്നുവെങ്കിൽ പ്രതി അയച്ച മോശം സന്ദേശങ്ങൾ ഉണ്ടെന്ന് സ്ഥാപിക്കാമായിരുന്നു. ഇരയുടെ ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയില്ല. അതിൻ്റെ ഹാർഡ് ഡിസ്ക് തകരാറിൽ ആണെന്ന് പറയുന്നു. കേസുമായി ബന്ധപ്പെട്ട പരാതികളിൽ നിക്ഷിപ്ത താൽപര്യക്കാരുടെ ഇടപെടൽ ഉണ്ടായെന്ന് സംശയിക്കണം. കതിരും പതിരും വേർതിരിച്ചെടുക്കാൻ പ്രയാസമാണ്.
ഇരയുടെ ബന്ധു ഇരയ്ക്ക് എതിരേ ബിഷപ്പിന് പരാതി കൊടുത്തതുമായി ബന്ധപ്പെട്ട് പ്രാസിക്യൂഷൻ ഉന്നയിച്ച ആക്ഷേപങ്ങൾ വിശ്വസിക്കാൻ കഴിയില്ല. അവരുടെ ഭർത്താവുകൂടി ഉൾപ്പെടുന്ന സംഭവമാണ് ബന്ധു പരാതിയിൽ പറയുന്നത്. ഭർത്താവ് അഭിഭാഷകനാണ്. കുടുംബത്ത് പ്രശ്നം ഉണ്ടാകുംവിധം ആ സ്ത്രീ പരാതിയുമായി മുന്നോട്ട് പോയത് കോടതി പരിഗണിച്ചു. ഈ പരാതിയിൽ ഇരയായ കന്യാസ്ത്രീക്ക് എതിരെ ബിഷപ്പ് നടപടി എടുക്കാൻ തുടങ്ങിയപ്പോഴാണ് ഇര ബിഷപ്പിന് എതിരെ പീഡനപരാതി ഉന്നയിച്ചതെന്ന് പ്രതിഭാഗം പറഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
ഇരയായ വ്യക്തി സംശയാതീതമായി തൻ്റെ പരാതി അവതരിപ്പിച്ചിട്ടില്ല. അതിൽ മാറ്റം മറിച്ചിലുകൾ കാണാനുണ്ട്. മഠത്തിലെ ആഭ്യന്തര പ്രശ്നങ്ങളും അധികാര തർക്കങ്ങളുമൊക്കെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പരാതിക്കാരി ഉപദ്രവത്തിന് ഇരയായി എന്ന് പറയുന്നതിൻ്റെ അടുത്ത ദിവസങ്ങളിൽ ബിഷപ്പുമൊത്ത് പരിപാടികളിൽ പങ്കെടുക്കുകയും യാത്ര ചെയ്യുകയും ചെയ്തത് കോടതി പരിഗണിച്ചു. ഈ സാഹചര്യത്തിൽ പീഡന പരാതി വിശ്വസനീയമായി കാണുന്നില്ല. കന്യാസ്ത്രീകളുടെ പ്രക്ഷോഭം അടക്കം വിധിന്യായത്തിൽ വിശദമായി പറയുന്നുണ്ട്. ബിഷപ്പിൻ്റെ അറസ്റ്റോടെ സമരം തീർന്നതും അതിൽ പറയുന്നു. നീതി ഉറപ്പിക്കാനുള്ള സമരം ഒരാളുടെ അറസ്റ്റ് ലക്ഷ്യമിട്ടായിരുന്നു എന്നതും പരാമർശിക്കുന്നുണ്ട്.