തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസിന്റെ വിചാരണയ്ക്കിടെ പരാതിക്കാരനെ ‘പേപ്പട്ടി’ എന്നു വിളിച്ചെന്ന ആരോപണത്തിനു മറുപടിയുമായി ലോകായുക്ത. ദുരാതാശ്വാസനിധി കേസിലെ പരാതിക്കാരാനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്. ശശികുമാറിനെ പേപ്പട്ടി എന്നു വിളിച്ചു ബഹളമുണ്ടാക്കുന്നത് നിയമപ്രശ്‌നത്തില്‍നിന്നും ശ്രദ്ധ തിരിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണെന്ന് ലോകായുക്ത പിആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.ലോകായുക്ത പരാതിക്കാരനെ പേപ്പട്ടി എന്നു വിളിച്ചിട്ടില്ല. പരാതിക്കാരന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേര്‍ന്ന് ആ തൊപ്പി ലോകായുക്തയുടെ ശിരസ്സില്‍ അണിയിച്ചതാണ്.
കോടതിയില്‍ കേസ് നടക്കുമ്പോള്‍ പരാതിക്കാരനും കൂട്ടാളികളും സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യം ലോകായുക്ത ചൂണ്ടിക്കാട്ടിയെന്നത് സത്യമാണ്. അതിനൊക്കെ മറുപടി പറയാത്തത് വിവേകം കൊണ്ടാണെന്നും പറഞ്ഞു. വിവേകപൂര്‍ണമായ പ്രതികരണത്തിന് ഉദാഹരണവും പറഞ്ഞു. വഴിയില്‍ പേപ്പട്ടി നില്‍ക്കുന്നതു കണ്ടാല്‍ അതിന്റെ വായില്‍ കോലിടാന്‍ നില്‍ക്കാതെ ഒഴിഞ്ഞു പോകുന്നതാണ് നല്ലതെന്നു ലോകായുക്ത ചൂണ്ടിക്കാട്ടി.ഇതിനെയാണ് പേപ്പട്ടി എന്ന് വിളിച്ചതായി ആരോപിച്ചിരിക്കുന്നതെന്നും ലോകായുക്ത പത്രക്കുറിപ്പില്‍ പറഞ്ഞു