ഓരോ ദിവസവും വേനല്‍ കടുക്കുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്. റെക്കോര്‍ഡ് ചൂടാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. ചൂട് കനക്കുന്നതോടെ നിത്യജീവിതത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങളുമാണ് ആളുകള്‍ നേരിടുന്നത്. പുറത്തിറങ്ങാനാകുന്നില്ല, ജോലി ചെയ്യാൻ സാധിക്കുന്നില്ല, ഉറക്കം പ്രശ്നം, വയറിന് പ്രശ്നം, നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) മൂലമുള്ള പ്രയാസങ്ങള്‍ എന്നിങ്ങനെ പല ബുദ്ധിമുട്ടുകള്‍ ചൂട് നമുക്ക് ഉണ്ടാക്കുന്നുണ്ട്. ചൂട് കൂടുന്നതിന് അനുസരിച്ച് ദാഹവും ക്ഷീണവും വര്‍ധിക്കുകയും ഇതോടെ കൂടുതല്‍ തണുത്ത പാനീയങ്ങള്‍ കഴിക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ തിരിയുകയും ചെയ്യാം. ഈ ചൂടില്‍ തണുത്ത കുപ്പി പാനീയങ്ങള്‍ വാങ്ങി കഴിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ചൂട് സഹിക്കുന്നില്ലെന്നോര്‍ത്ത് ഇങ്ങനെ കുപ്പി പാനീയങ്ങള്‍ വാങ്ങി പതിവായി കഴിക്കരുത്. ഒരുപാട് ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം.
പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ‘ബിഎംജെ’ ജേണലില്‍ വന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം പതിവായി കുപ്പി പാനീയങ്ങള്‍ കഴിക്കുന്നത്, പ്രത്യേകിച്ച് മധുരമടങ്ങിയത് കഴിക്കുന്നത് ബിപി, ഷുഗര്‍, അമിതവണ്ണം, വിഷാദം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിങ്ങനെ പലവിധ പ്രതിസന്ധിയിലേക്കും നമ്മെ ക്രമേണ നയിക്കാം.മുമ്പ് ഇത് സംബന്ധിച്ച് നടന്നിട്ടുള്ള എണ്ണായിരത്തിലധികം പഠനങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തി ചൈന, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിന്‍റെ നിരീക്ഷണങ്ങളാണ് ഇത്. പഴങ്ങളിലും മറ്റും ‘നാച്വറല്‍’ ആയി കാണപ്പെടുന്ന മധുരം പോലെയല്ല കുപ്പി പാനീയങ്ങളിലെയും പ്രോസസ്ഡ്- പാക്കേജ്ഡ് ഭക്ഷണങ്ങളിലെയും മധുരം. ഇത് പതിവായി അകത്തുചെന്നാല്‍ അത് ക്രമേണ വലിയ വെല്ലുവിളികളാണ് ആരോഗ്യത്തിന് മുകളില്‍ ഉയര്‍ത്തുക. – പഠനം പറയുന്നു.
ആഴ്ചയിലൊരു ബോട്ടില്‍ എന്ന അളവിലെല്ലാം പൂര്‍ണ ആരോഗ്യമുള്ള ഒരാള്‍ക്ക് മധുരമടങ്ങിയ കുപ്പി പാനീയം ആകാം. എന്നാല്‍ അങ്ങനെയാണെങ്കില്‍ പോലും ഷുഗര്‍, ബിപി പോലുള്ള ആരോഗ്യാവസ്ഥകളെല്ലാം നിയന്ത്രണത്തിലാണെന്നതിന് ഉറപ്പ് വേണമെന്നാണ് ഗവേഷകര്‍ പറയുന്നത്.കുപ്പി പാനീയങ്ങള്‍ക്ക് പകരം ഫ്രൂട്ട്സ്, ഇളനീര്‍, മോര്-സംഭാരം പോലുള്ളവ കൂടുതല്‍ കഴിക്കുന്നതാണ് ഉചിതം. വേനലില്‍ വ്യാപകമായ ആരോഗ്യപ്രശ്നങ്ങളും നിര്‍ജലീകരണവും തോല്‍പിക്കുന്നതിനും ഇവ തന്നെയാണ് കാര്യമായും സഹായകമാവുക.