ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച മൂന്ന് ജീവനക്കാര്‍ പിടിയില്‍. മോഷ്ടിച്ച സാധനങ്ങളുമായി വിമാനത്താവളത്തിന് പുറത്തു കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്. ജോലിക്ക് ശേഷം പുറത്തു പോകുമ്പോള്‍ ജീവനക്കാര്‍ പരിശോധനാ ഉപകരണത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ അസ്വഭാവികത കണ്ടതോടെ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു.
ലോഹ നിര്‍മിതമായ ചില വസ്‍തുക്കളും കറന്‍സിയും കണ്ടതോടെയാണ് പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. വിശദമായി പരിശോധിച്ചപ്പോള്‍ ഒരു മോതിരവും സ്വര്‍ണ നെക്ലേസും പണവും ഒരാളുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു. ഇയാള്‍ വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു. താനും രണ്ട് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് മോഷണത്തിന് പദ്ധതിയിട്ടതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മോഷ്ടിച്ച സാധനങ്ങള്‍ പുറത്തെത്തിക്കുകയായിരുന്നു തന്റെ ദൗത്യം. കിട്ടുന്ന പണം തുല്യമായി വീതിച്ചെടുക്കാമെന്നായിരുന്നു ധാരണയെന്നും ഇയാള്‍ പറഞ്ഞു.
യാത്രക്കാരുടെ ബാഗില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചയാള്‍ അവ വിമാനത്താവളത്തിലെ ഒരു ടോയ്‍ലറ്റില്‍ വെയ്ക്കുമെന്നും സംഘത്തിലെ മറ്റൊരാള്‍ അത് അവിടെ നിന്ന് എടുക്കണമെന്നുമൊക്കെയായിരുന്നു ധാരണ. ഇവ പുറത്തെത്തിച്ച് വില്‍പന നടത്തി പണം വീതിച്ചെടുക്കാനുള്ള പദ്ധതിയാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കുള്ള വാതിലില്‍ വെച്ചു തന്നെയുള്ള പരിശോധനയില്‍ പരാജയപ്പെട്ടത്. ആദ്യം പിടിയിലായ ആളുടെ മൊഴി അനുസരിച്ച് മറ്റ് രണ്ട് പ്രതികളെയും ഉടനെ അറസ്റ്റ് ചെയ്‍തു.
പ്രതികളെ നടപടികള്‍ പൂര്‍ത്തിയാക്കി ദുബൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മൂന്ന് മാസം വീതം ജയില്‍ ശിക്ഷയും മോഷ്ടിച്ച സാധനങ്ങളുടെ വിലയ്ക്ക് തുല്യമായ തുകയായ അര ലക്ഷം ദിര്‍ഹം പിഴയുമാണ് വിധിച്ചത്. പ്രവാസികളായ മൂന്ന് പേരെയും ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും ഈ ശിക്ഷ ശരിവെച്ചു.