കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ ആക്രമിച്ച ദൃശ്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. ദിലീപിന്റേതടക്കം മൂന്നു മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കും പെൻഡ്രൈവുമാണ് കസ്റ്റഡിയിലുള്ളത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചില ആളുകൾ വഴി കൈമാറി ദിലീപിന്റെ അടുക്കലെത്തിയെന്നും ഇതിന്റെ ശബ്ദനിലവാരം അടക്കം ഉയർത്തുന്ന ജോലികൾ നടത്തിയിരുന്നെന്നുമാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. ദൃശ്യങ്ങളുടെ പകർപ്പുകൾ വിവിധയിടങ്ങളിൽ സൂക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു ദിലീപിന്റെ വീട്ടിലും നിർമാണക്കമ്പനി ഓഫീസിലും സഹോദരന്റെ വീട്ടിലും പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഹാർഡ് ഡിസ്കുകളും മൊബൈൽ ഫോണും പ്രാഥമികമായി പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവ ഡിലീറ്റ് ചെയ്തിരിക്കുമെന്ന നിഗമനത്തിൽ ഡേറ്റ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിക്കും. മറ്റു പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്താനും ആലോചനയുണ്ട്.