കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽപെട്ട റോയ് തോമസ് വധക്കേസിൽ തിങ്കളാഴ്ച രണ്ട് സാക്ഷികളുടെകൂടി വിസ്താരം പൂർത്തിയായി. 93ാം സാക്ഷി കൂടത്തായി വട്ടച്ചൻകണ്ടി നിസാർ, 96ാം സാക്ഷി താമരശ്ശേരി സപ്ലൈ ഓഫിസറായിരുന്ന പി. പ്രമോദ് എന്നിവരുടെ വിസ്താരമാണ് നടന്നത്.
റേഷൻ കാർഡിൽ ഒന്നാം പ്രതി ജോളിയുടെ ജോലി അധ്യാപനം എന്ന് ചേർത്തിരുന്നതായി അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സുഭാഷിന്റെ വിസ്താരത്തിൽ ഇരുവരും മാറാട് പ്രത്യേക സെഷൻസ് കോടതിയിൽ മൊഴി നൽകി. കൂടത്തായി ടൗണിൽ ഷോപ്പ് നടത്തുകയാണെന്ന് നിസാർ മൊഴി നൽകി. തന്റെ ഷോപ്പിലാണ് ജോളിയുടെ പേരുള്ള റേഷൻ കാർഡ് സൂക്ഷിക്കാറുള്ളത്. തൊഴിൽ അധ്യാപനം എന്നാണ് അതിൽ എഴുതിയിരുന്നത്.
2019 ഒക്ടോബർ 13ന് കാർഡ് അന്വേഷണ ഉദ്യോഗസ്ഥന് ഏൽപിച്ച് കൊടുത്തിരുന്നു. റേഷൻ കാർഡിനുള്ള അപേക്ഷയിൽ പ്രതി ജോളി ജോലി അധ്യാപനമാണെന്ന് കാണിച്ചതായി സപ്ലൈ ഓഫിസറും മൊഴി നൽകി. എൻ.ഐ.ടിയിൽ അധ്യാപികയാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ജോളി കൂടത്തായി പൊന്നമറ്റം തറവാട്ടിൽ കഴിഞ്ഞതെന്നാണ് പ്രോസിക്യൂഷൻ കേസ്. സാക്ഷിവിസ്താരം ബുധനാഴ്ച തുടരും.