തിരുവനന്തപുരം: ഗവർണർക്കെതിരായ പോരാട്ടത്തിൽ യോജിച്ച് പ്രവർത്തിക്കാൻ കേരളവും തമിഴ്നാടും തീരുമാനിച്ചു. ഗവർണർക്കെതിരായ നിലപാടിൽ പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരള സർക്കാരിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടി കത്തിലാണ് എല്ലാവിധ പിന്തുണയും ഇക്കാര്യത്തിൽ ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാടിനെ അറിയിച്ചത്. കേരളത്തിലും തമിഴ്നാട്ടിലും സർക്കാരും ഗവർണറും നിലവിൽ രണ്ട് തട്ടിലാണ്.
ഫെഡറൽ സംവിധാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റം ഗവർണർമാർ നടത്തുന്നതായി കേരള,തമിഴ്നാട് മുഖ്യമന്ത്രിമാർ അഭിപ്രായപ്പെടുന്നു. ബില്ലുകളെ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടും ഗവർണർമാർ ഒപ്പിടാത്ത സാഹചര്യമാണുള്ളതെന്നും ഇരുസർക്കാരുകളും പറയുന്നു. തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരും ഗവർണർ ആർ എൻ രവിയും നിയമസഭയിൽ നേർക്ക്നേർ ഏറ്റുമുട്ടുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു. തമിഴ്നാടിന്റെ പേര് തമിഴകം എന്നാക്കി മാറ്റണമെന്ന ഗവർണറുടെ അഭിപ്രായം ഇരുകൂട്ടർക്കുമിടയിലെ വഴക്കിന്റെ ആക്കം കൂട്ടിയിരുന്നു.
ഇതിന്റെ പേരിൽ ഡിഎംകെയും സഖ്യകക്ഷികളും രാജ്ഭവന് മുന്നിൽ സമരങ്ങൾ പ്രഖ്യാപിക്കുന്ന സ്ഥിതി വരെ ഉണ്ടായി. ബില്ലുകൾ ഗവർണർ ഒപ്പുവെക്കാൻ തയ്യാറാകുന്നില്ലെന്ന് സർക്കാരും നിർദേശങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ഗവർണറും ആരോപിക്കുന്നു. ഡിഎംകെയും സഖ്യകക്ഷികളും സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഗോ ബാക്ക് രവി എന്നെഴുതിയ ബാനറുകൾ ഡിഎംകെ പ്രവർത്തകർ നഗരത്തിൻറെ പ്രധാന ഭാഗങ്ങളിൽ സ്ഥാപിച്ച അവസ്ഥയുമുണ്ടായി. ഈ ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളിലും ട്രൻഡിംഗായിരുന്നു.