ന്യൂഡല്‍ഹി : കാറുകളില്‍ 6 എയര്‍ ബാഗ് നിര്‍ബന്ധമാക്കുന്നു. 8 യാത്രക്കാരെ വരെ വഹിക്കാന്‍ ശേഷിയുള്ള യാത്രാ വാഹനങ്ങളിലെല്ലാം 6 എയര്‍ബാഗ് നിര്‍ബന്ധമാക്കാനുള്ള നിയമഭേദഗതിയുടെ കരടിന് അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 4 അധിക എയര്‍ബാഗ് കൂടി ഉറപ്പാക്കുമെന്നും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നിര്‍ണായകമായ ഈ തീരുമാനമെന്നു കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പുതിയ ഭേദഗതി നടപ്പാകുന്നതോടെ ഫലത്തില്‍ ഹാച്ച്ബാക്, സെഡാന്‍, എസ്യുവി തുടങ്ങി എല്ലാ ശ്രേണിയിലുള്ള കാറുകളിലും 6 എയര്‍ബാഗ് ഉറപ്പാകും. കരട് നിയമത്തില്‍ പൊതുജനങ്ങളില്‍ നിന്നും മറ്റും അഭിപ്രായം തേടിയ ശേഷമാകും നിയമത്തിന് അന്തിമ അംഗീകാരം നല്‍കുക.