കണ്ണൂർ: തലശ്ശേരി നഗരസഭ പരിധിയിലെ തിരുവങ്ങാട് വീണ്ടും വിവാദ ബോർഡ്. ഇവിടം ‘രാമരാജ്യം തന്നെ’യാണ് എന്നാണ് ഡി.വൈ.എഫ്.ഐക്ക് മറുപടിയായി സ്ഥാപിച്ച പുതിയ ബോർഡിലുള്ളത്. ചോദിക്കാനോ, പറയാനോ ആരുമില്ലാത്തതിനാൽ ബോർഡിൽ രാമരാജ്യം സൃഷ്ടിച്ചും എതിർത്തുമുള്ള അവകാശവാദങ്ങൾ തുടരുന്നു.
‘ഈ പുണ്യഭൂമി തിരുവങ്ങാട് പെരുമാളിന്റെ രാമരാജ്യം തന്നെ’ എന്നെഴുതിയ ബോർഡ് ചൊവ്വാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്. ഡി.വൈ.എഫ്.ഐ ബോർഡിനോട് ചേർന്നാണ് ഈ ബോർഡ് സ്ഥാപിച്ചത്. ബി.ജെ.പി ശക്തി കേന്ദ്രമായ തിരുവങ്ങാട് വാർഡിലാണ് രാമരാജ്യത്തിലേക്ക് സ്വാഗതമെന്ന ആദ്യ ബോർഡ് കമാനമാതൃകയിൽ പ്രത്യക്ഷപ്പെട്ടത്. തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിഷുമഹോത്സവത്തിന്റെ ഭാഗമായി ശ്രീ നാരായണ ഗുരു സേവാട്രസ്റ്റിന്റെ പേരിൽ കീഴന്തിമുക്ക് കവലയിലാണ് വിവാദ ബോർഡ് സ്ഥാപിച്ചത്.
സമൂഹമാധ്യമങ്ങളിൽ ഇത് വൻ ചർച്ചയായതോടെ ‘ഇതാരുടേയും രാജ്യമല്ലെന്ന്’ ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ മറുപടിയായി ബോർഡ് സ്ഥാപിച്ചു. ക്ഷേത്രത്തിലേക്കുള്ള മറ്റൊരു വഴിയായ മഞ്ഞോടി കവലയിലാണ് ഡി.വൈ.എഫ്.ഐയുടെ കമാനം സ്ഥാപിച്ചത്. ഇതിനോട് ചേർന്നാണ് ബോർഡ് സ്ഥാപിച്ചവരുടെ പേര് വിവരമൊന്നുമില്ലാത്ത ചൊവ്വാഴ്ച പുതിയത് വെച്ചത്.
ബി.ജെ.പി സ്വാധീന മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മത്സ്യബന്ധന തൊഴിലാളിയും സി.പി.എം പ്രവർത്തകനുമായ പുന്നോൽ താഴെ വയലിലെ കെ. ഹരിദാസൻ വധക്കേസിലെ മുഖ്യപ്രതി കെ. ലിജേഷ് ആയിരുന്നു ഇവിടത്തെ ബി.ജെ.പി കൗൺസിലർ. ജയിലിൽ കഴിയവേ ഇദ്ദേഹത്തിന്റെ നഗരസഭാംഗത്വം നഷ്ടമായി. രാമരാജ്യമെന്ന ബോർഡ് വെച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചക്ക് കാരണമായെങ്കിലും പൊലീസോ, നഗരസഭ അധികൃതരോ അറിഞ്ഞതായി നടിക്കുന്നില്ല. അതാണ് വീണ്ടും പുതിയ ബോർഡ് വെക്കുന്നതിലേക്ക് നയിച്ചത്.