ബെംഗളൂരു∙ കര്‍ണാടകയില്‍ യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു. ധര്‍വാഡിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോര്‍ച്ച നേതാവുമായ പ്രവീണ്‍ കമ്മാര്‍ (36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു സംഭവം.
ഗ്രാമത്തിലെ ഉദച്ചമ്മ ദേവി ഉത്സവത്തിനിടെ പ്രസാദ വിതരണം സംബന്ധിച്ച് രാത്രി ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രവീണ്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുകയും ഇരുവിഭാഗങ്ങളെയും മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതിനുപിന്നാലെ തിരിച്ചെത്തിയ ഒരുവിഭാഗം പ്രവീണിനെ ആക്രമിച്ചു.
പ്രവീണിന്റെ കഴുത്തിലും വയറ്റിലും അക്രമികള്‍ കത്തി കൊണ്ട് കുത്തി. ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയവൈരാഗ്യമുണ്ടോ എന്നകാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, പ്രവീണ്‍ കമ്മാറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. രാഷ്ട്രീയ എതിരാളികളാണ് പ്രവീണിനെ കൊലപ്പെടുത്തിയതെന്നും കൊലയാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും യുവമോര്‍ച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ ആവശ്യപ്പെട്ടു.