കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടി പദവി കിട്ടാനായി കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് വിളിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മമത ബാനർജി. താൻ അമിത് ഷായെ വിളിച്ചതായി തെളിയിച്ചാൽ ഉടൻ തന്നെ രാജി വയ്ക്കാൻ തയ്യാറാണെന്ന് മമത പറഞ്ഞു. ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മമതയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. സുവേന്ദു അധികാരി കള്ളം പറയുകയാണെന്നും മമത പറഞ‌്ഞു. നേരത്തെ തൃണമൂൽ കോൺഗ്രസിന്‍റെ ദേശീയ പാർട്ടി പദവി തെരഞ്ഞെുപ്പ് കമ്മീഷൻ എടുത്തുകളഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് മുൻ തൃണമൂൽ നേതാവ് കൂടിയായ സുവേന്ദു അധികാരി മമതക്കെതിരെ വിമർശനവുമായി രംഗത്ത് വന്നത്. തൃണമൂലിന് ദേശീയ പാർട്ടി പദവി ലഭിക്കാനായി മമത, അമിത് ഷായെ നേരിട്ട് വിളിച്ചെന്നതടക്കമുള്ള ആരോപണങ്ങലാണ് അദ്ദേഹം ഉയർത്തിയത്. തൃണമൂൽ കോൺഗ്രസ് നേതാവിയിരുന്ന സുവേന്ദു 2021 ലെ തിരഞ്ഞെടുപ്പ് കാലത്താണ് ബി ജെ പിയിൽ ചേർന്നത്.