ബെംഗളൂരു: 2020ലെ അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ സമർപ്പിച്ച രണ്ട് ഹർജികളും കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസും സി ബി ഐ നടത്തിയ അന്വേഷണവുമാണ് ശിവകുമാർ ചോദ്യം ചെയ്തത്. ഈ രണ്ട് ഹർജികളുമാണ് ഹൈക്കോടതി വിധി പറയാൻ മാറ്റിയത്. ജസ്റ്റിസ് കെ നടരാജന്‍റെ സിംഗിൾ ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിച്ച് വിധി പറയാൻ മാറ്റിയത്.
ശിവകുമാറിന്‍റെ സ്വത്തിൽ 74 കോടിയുടെ അപാകതയുണ്ടെന്നതും 21 വയസ്സുള്ള മകളുടെ 150 കോടിയുടെ സ്വത്തുക്കൾ പരിശോധിക്കേണ്ടതുണ്ടെന്നതുമായിരുന്നു സി ബി ഐ യുടെ പ്രധാന വാദം. 2013 നും 2018 നും ഇടയിൽ കോൺഗ്രസ് നേതാവിന്‍റെ ആസ്തിയിൽ 589 കോടി രൂപയുടെ വർധനയുണ്ടായെന്നും സി ബി ഐ വാദിച്ചിരുന്നു. എന്നാൽ ശിവകുമാർ ഇതെല്ലാം കോടതിയിൽ ചോദ്യം ചെയ്തു. സി ബി ഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ഓർഡറും ശിവകുമാർ നേടിയിരുന്നു. ഈ സ്റ്റേ ഉത്തരവ് ഇടയ്ക്കിടെ കോടതി വഴി നീട്ടുകയും ചെയ്തിരുന്നു. ഏത് അന്വേഷണ ഏജൻസിയാണ് അന്വേഷണം നടത്തേണ്ടതെന്ന് ആവശ്യപ്പെടാൻ ശിവകുമാറിന് സ്വാതന്ത്ര്യവും അവകാശവും ഇല്ലെന്ന് വാദത്തിനിടെ സി ബി ഐ അഭിഭാഷകൻ ചൂണ്ടികാട്ടിയിരുന്നു. ഇതിനാടി ശിവകുമാറിന്‍റെ ഒരു ബന്ധുവിന്‍റെ കേസ് ഉദാഹരണമായി സി ബി ഐ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ ബന്ധു എച്ച് എ എൽ ജീവനക്കാരനാണെന്നും അതിനാൽ സമാനമായ സാഹചര്യമല്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ അഭിഭാഷകൻ വാദിച്ചത്. സി ബി ഐ അന്വേഷണം ആരംഭിക്കാൻ മതിയായ കാരണമുണ്ടോ എന്ന കാര്യത്തിലടക്കം വാദം നടന്നിരുന്നു. കർണാടക ഹൈക്കോടതിയുടെ വിധി എന്താകും എന്നതാണ് ഇനി അറിയാനുള്ളത്.