തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ പീപ്പിള്‍ ഫോര്‍ ആനിമല്‍ കോടതിയിലേക്ക്. പീപ്പിള്‍ ഫോര്‍ ആനിമല്‍ തിരുവനന്തപുരം ചാപ്റ്റര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. ചട്ടങ്ങള്‍ ലംഘിച്ചുള്ള മയക്ക് വെടിയില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി വേണം എന്നാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍ സംഘടനയുടെ ആവശ്യം. പ്രാഥമിക നടപടിക്രമങ്ങള്‍ പോലും പാലിക്കാതെയാണ് കരടിയെ മയക്ക് വെടിവച്ചത് എന്നാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍ ആരോപിക്കുന്നത്. കിണറ്റില്‍ വീണപുറത്തെത്തിക്കാനുള്ള വനം വകുപ്പ് ദൗത്യം പാളിയതോടെ വെള്ളത്തില്‍ മുങ്ങിയാണ് കരടി ചത്തത്.
രക്ഷാ പ്രവര്‍ത്തങ്ങള്‍ക്കിടെ മയക്കുവെടി വെച്ചതോടെ കരടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മൃഗശാലയിലെ അലക്‌സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തിലാണ് കരടിയെ മയക്കുവെടി വെച്ചത്. കരടിയെ പിടിച്ച് കോട്ടൂര്‍ ഉള്‍വനത്തില്‍ വിടാനായിരുന്നു തീരുമാനം. എന്നാല്‍ വെള്ളത്തില്‍ മയങ്ങി വീണ കരടിക്ക് മരണം സംഭവിക്കുകയായിരുന്നു.