തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന പദ്ധതിയില്‍ ആദ്യത്തെ ഒരു മാസം ബോധവത്കരണം നല്‍കുമെന്ന് ഗതാഗത മന്ത്രി. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം. ക്യാമറകള്‍ക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിയമനം പാലിക്കുന്നവര്‍ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. എഐ ക്യാമറകള്‍ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലും മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് നിര്‍മ്മിത ബുദ്ധി ക്യാമറകള്‍ വഴി നിയമലംഘനം പിടികൂടി പിഴയീടാക്കുന്നത്. നഗര- ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. അമിതവേഗം, സീറ്റ് ബെല്‍റ്റും- ഹെല്‍മറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈല്‍ ഉപയോഗം, രണ്ടുപേരില്‍ കൂടുതല്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കല്‍ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രെയല്‍ റണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.