പട്ന: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ ബറൗലി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ടുപേര്‍ക്കും പ്രദേശവാസിയായ ഒരു പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. ഇതേച്ചൊല്ലി 16-കാരനും സഹപാഠിയും ദിവസങ്ങള്‍ക്ക് മുന്‍പ് വഴക്കിട്ടിരുന്നതായും പോലീസ് പറഞ്ഞു.
രണ്ട് പേര് കുട്ടിയെ തടഞ്ഞുനിര്‍ത്തി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും പ്രതികള്‍ ഓടി രക്ഷപ്പെട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി കുട്ടിയെ ബറുവാലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമിത രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രകോപിതരായ ഗ്രാമവാസികള്‍ കുട്ടിയുടെ മൃതദേഹവുമായി ദേശീയപാത അഞ്ച് മണിക്കൂറിലധികം ഉപരോധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.