കൊച്ചി: ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാട് കേസില്‍ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതി എം. ശിവശങ്കറാണ്. ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം. ശിവശങ്കറാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. നിലവില്‍ എം. ശിവശങ്കറും സന്തോഷ് ഈപ്പനും മാത്രമാണ് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. കുറ്റപത്രത്തിന്റെ പരിശോധനകള്‍ക്ക് ശേഷം പ്രത്യേക കോടതി സ്വപ്ന അടക്കമുള്ള പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കും. യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിനെതിരേ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഇ.ഡി പ്രത്യേക കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം ലൈഫ് മിഷന്‍ അഴിമതിയില്‍ സ്വപ്ന സുരേഷിന് വ്യക്തമായ പങ്കുള്ളതായി തെളിഞ്ഞിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി ഹൈക്കോടതി ചോദിച്ചിരുന്നു. ഇത് വളരെ ഗുരുതരമായ വിഷയമാണെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബഞ്ച് നിരീക്ഷിച്ചു. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.