കോട്ടയം: വൈക്കം തലയാഴത്ത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ നവജാത ശിശുവിനെ കുഴിച്ചിട്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ മൃതശരീരം പൊലീസ് ഇന്ന് പുറത്തെടുക്കും. സംഭവത്തിൽ ദുരൂഹത ഇല്ല എന്നാണ് പൊലീസിന്റെ അനുമാനം. നാലു മാസത്തോളം ഗർഭിണി ആയിരുന്ന ബംഗാൾ സ്വദേശിനി ആയ യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചതിനെ തുടർന്ന് മൃതശരീരം കുഴിച്ചിട്ടു എന്ന മൊഴിയാണ് പൊലീസിന് നൽകിയത്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതകൾ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ നാട്ടുകാർ ഉന്നയിച്ച സംശയങ്ങൾ ദുരീകരിക്കുന്നതിന്റെ ഭാഗമായാണ് തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്.
ഈ യുവതിക്ക് 20 വയസ്സ് മാത്രമാണ് പ്രായം. ബംഗാൾ സ്വദേശിനിയാണ്. ഇവർക്ക് ഒരു വയസ്സുള്ള ഒരു കുഞ്ഞുണ്ട്. രണ്ടാമത് താൻ ഗർഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് പെൺകുട്ടി ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ നൽകിയിരിക്കുന്ന മൊഴി. പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടു, തുടർന്ന് ശുചിമുറിയിൽ പോയി എന്നും അവിടെ വെച്ച് കുട്ടി പുറത്തേക്ക് വന്നു എന്നും പെൺകുട്ടി പറയുന്നു. മരിച്ച നിലയിലായിരുന്നു. തുടർന്ന് ഭർത്താവിനെ വിവരമറിയിച്ചു. പിന്നീട് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് മറവു ചെയ്തു. ഇതാണ് സംഭവിച്ചതെന്നാണ് യുവതി പറയുന്നത്.
എന്നാൽ ഇക്കാര്യം പുറത്ത് അറിയുന്നത് അടുത്ത ദിവസമാണ് എന്നതാണ് പെട്ടെന്ന് ദുരൂഹതക്ക് കാരണമായത്. നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഇന്നലെ തന്നെ അവിടെയെത്തി പ്രാഥമിക പരിശോധന നടത്തി. ഇവരുടെ മൊഴികൾ പൊലീസ് വളരെ വിശദമായി എടുത്തിട്ടുണ്ട്. അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പറയുന്നത്. എന്നാൽ നാട്ടുകാരിൽ ഒരു തരത്തലുമുള്ള സംശയം അവശേഷിക്കാൻ പാടില്ല എന്നതിനാലാണ് പരിശോധന നടത്തുന്നത് എന്നാണ് പൊലീസ് പറയുന്നത്.