തിരുവനന്തപുരം∙ ആശ്വാസമായി വേനല്‍മഴയെത്തിയെങ്കിലും സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന ചൂട് 38.4 ഡിഗ്രി സെൽഷ്യസ് പാലക്കാട്ടു രേഖപ്പെടുത്തി.
കോട്ടയത്ത് 37.7ഡിഗ്രി സെൽഷ്യസും കണ്ണൂരിൽ 37.4 ഡിഗ്രി സെൽഷ്യസും കോഴിക്കോട്ട് 37.4 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. ചൂട് കൂടിയതോടെ വൈദ്യുത ഉപഭോഗവും വര്‍ധിച്ചു.
അതേസമയം, തെക്കൻ ജില്ലകളും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കഴിഞ്ഞ 3 ദിവസമായി നേരിയ മഴ പെയ്യുന്നുണ്ട്. ഇതിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഒഴികെ പെയ്തത് 15 മിനിറ്റിൽ താഴെ മാത്രമാണ്. കോട്ടയത്ത് 2.2 മില്ലിമീറ്ററും കൊച്ചിയിൽ 1.9 മില്ലിമീറ്ററും മഴ പെയ്തതായി കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തി.
ഇന്നു തെക്കൻ, മധ്യ കേരളത്തിലും നാളെ മുതൽ 24 വരെ കണ്ണൂർ, കാസർകോട് ഒഴികെ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കാമെന്നാണു പ്രവചനം.