ചെന്നൈ: തനിക്കെതിരായ അഴിമതി ആരോപണങ്ങൾ 48 മണിക്കൂറിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും 50 കോടി നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈക്കെതിരെ സ്പോർട്സ് മന്ത്രിയും ഡി.എം.കെ യൂത്ത് വിങ് അധ്യക്ഷനും നടനുമായ ഉദയനിധി സ്റ്റാലിൻ വക്കീൽ നോട്ടീസ് അയച്ചു. ‘ഡി.എം.കെ ഫയൽസ്’ എന്ന പേരിൽ അണ്ണാമലൈ പുറത്തുവിട്ട ആരോപണങ്ങൾക്കെതിരെയാണ് വക്കീൽ നോട്ടീസ്. ഓരോ ദേശീയ, പ്രാദേശിക പത്രങ്ങളിലും എല്ലാ ദേശീയ-പ്രാദേശിക ടെലിവിഷൻ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും മാപ്പ് പ്രസിദ്ധപ്പെടുത്തണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്‍റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്നതെന്ന് അവകാശപ്പെടുന്ന സംഭാഷണത്തിന്റെ ഓഡിയോയും അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ധനമന്ത്രിയും ഒരു മാധ്യമപ്രവർത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നാണ് വാദം. ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണ കമ്പനിയായ റെഡ് ജയന്റ് മൂവീസിൽ പണം മുടക്കിയവരുടെ വിവരങ്ങൾ പുറത്തുവിടണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടിരുന്നു.
ഡി.എം.കെ ഫയൽസ് എന്ന പേരിൽ മുഖ്യമന്ത്രി സ്റ്റാലിനടക്കമുള്ള ഡി.എം.കെ നേതാക്കൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ബി.ജെ.പി അധ്യക്ഷൻ ഉന്നയിക്കുന്നത്. ഡി.എം.കെയും അണ്ണാമലൈക്കെതിരെ മാനനഷ്ടം ആരോപിച്ച് കഴിഞ്ഞ ദിവസം വക്കീൽ നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങൾ സംബന്ധിച്ച് സ്റ്റാലിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.