തിരുവനന്തപുരം : ചൈനയുമായി ബന്ധപ്പെട്ട സിപിഎമ്മിൻറെ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതിർത്തിയിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യ താൽപര്യത്തേക്കാൾ കൂടുതൽ ചൈനയുടെ താൽപര്യം ഉയർത്തിപ്പിടിക്കാനുള്ള സി.പി.എമ്മിന്റെ നീക്കം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ എന്നൊരു ആക്ഷേപം പണ്ടേയുണ്ട്. അതിന് അടിവരയിടുന്ന നിലപാടാണ് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള സ്വീകരിച്ചിരിക്കുന്നത്. രാജ്യ താൽപര്യമാണോ ചൈനയുടെ താൽപര്യമാണോ വലുതെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണോ ഇന്ത്യയിലെ സി.പി.എമ്മിനെ നിയന്ത്രിക്കുന്നതെന്നും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കെ- റെയിൽ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. നിയമവിരുദ്ധമായി കല്ലുപാകിയാൽ പിഴുതെറിയുമെന്നാണ് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞത്. കെ- റെയിൽ എന്ന പേരിൽ കല്ലിടരുതെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്. നിയമവിരുദ്ധമായാണ് കല്ലിട്ടതെന്ന പ്രതിപക്ഷ വാദത്തെയാണ് ഹൈക്കോടതിയും ശരിവച്ചിരിക്കുന്നത്. ഈ പദ്ധതിയെ യു.ഡി.എഫ് എതിർത്ത് സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറും സർക്കാരും തമ്മിലുണ്ടായിരുന്നത് സൗന്ദര്യ പിണക്കമായിരുന്നെന്നും ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു. നിയമഭേദഗതി വരുത്താത്ത സാഹചര്യത്തിൽ ചാൻസലർ പദവിയുടെ ഉത്തരവാദിത്തം നിറവേറ്റാൻ ഗവർണർ തയാറാകണമെന്നതാണ് പ്രതിപക്ഷ നിലപാട്. കണ്ണൂർ വി.സിയെ പുറത്താക്കുകയാണ് ചാൻസലർ പദവിയിൽ ഇരുന്നുകൊണ്ട് ഗവർണർ ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.