തിരുവനന്തപുരം: സുഡാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. സഹായം അഭ്യര്‍ത്ഥിച്ച് നിരവധി മലയാളികളാണ് സര്‍ക്കാരിനെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ വിശദീകരിച്ചു. സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അര്‍ധസൈനിക വിഭാഗത്തിന്റേതാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം. റമദാന്‍ കണക്കിലെടുത്താണ് തീരുമാനം.
അതേസമയം നിലവില്‍ 4,000 ഇന്ത്യക്കാരാണ് സംഘര്‍ഷ ബാധിത രാജ്യത്ത് കുടുങ്ങിക്കിടക്കുന്നത്. സുഡാനിലെ ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുമെന്നാണ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസമായി സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ സംഘര്‍ഷം നടക്കുകയാണ്. ഇതില്‍ 200 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.