തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലാക്കി വീണ്ടും പെസോയും ജില്ലാ ഭരണകൂടവും. തേക്കിന്‍കാട്ടിലെ വെടിക്കെട്ട് മാഗസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന താത്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്ന് ദേവസ്വങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. അതേസമയം ഷെഡ് ഇല്ലെങ്കില്‍ വെടിക്കെട്ട് നടത്താനാകില്ലെന്ന് കാണിച്ച് ദേവസ്വങ്ങള്‍ കളക്ടര്‍ക്ക് മറുപടി കത്ത് നല്കി. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പെസോ) നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടമാണ് ഷെഡ് പൊളിക്കാന്‍ ദേവസ്വങ്ങള്‍ക്ക് കത്ത് നല്‍കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷെഡ് പൊളിക്കാന്‍ നിര്‍ദേശിക്കുന്നതെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്.