ദില്ലി: ആതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി അല്‍-ഖ്വയ്ദ ഇന്‍ ഇന്ത്യന്‍ കോണ്ടിനെന്റ് (എക്യുഐഎസ്). ഈദ് സന്ദേശത്തില്‍ ഭീകര സംഘടന പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും, ആതിഖിനെയും സഹോദരന് അഷ്റഫിനെയും ‘രക്തസാക്ഷികള്‍’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അല്‍-ഖ്വയ്ദയുടെ പ്രചരണ മാധ്യമ വിഭാഗമായ അസ്-സാഹബ് പുറത്തിറക്കിയ ഏഴ് പേജുള്ള മാസികയില്‍, ‘മുസ്ലിങ്ങളെ മോചിപ്പിക്കുമെന്ന്’ തീവ്രവാദ ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആതിഖ് അഹമ്മദിനെയും സഹോദരന് അഷ്റഫിനെയും പോലീസ് ഉദ്യോഗസ്ഥര്‍ ചെക്കപ്പിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേര് കൊലപ്പെടുത്തുകയായിരുന്നു.