ജയ്പുര്‍: നിയമസഭാതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധയിലാക്കി രാജസ്ഥാനില്‍ യുവാവിന്റെ ആത്മഹത്യ. രാം പ്രസാദ് മീണ എന്ന 38-കാരനാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. മന്ത്രിയായ മഹേഷ് ജോഷിയും കൂട്ടരും തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും മരിക്കുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ രാം പ്രസാദ് ആരോപിച്ചിരുന്നു.
സംസ്ഥാന നിയമസഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചീഫ് വിപ്പ് കൂടിയായ ജോഷി, കേസില്‍ തനിക്ക് പങ്കില്ലെന്നും ഏത് അന്വേഷണത്തിനും താന്‍ തയ്യാറാണെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് നേട്ടത്തിനായി ബിജെപി വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ കടന്നാക്രമിക്കാനാണ് ബിജെപി സംഭവം ഏറ്റെടുത്തിരിക്കുന്നത്. ജോഷിയുടെ രാജിയും വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.