ന്യൂയോര്‍ക്ക്: ഹാഷ്ടാഗിന്‍റെ ഉപജ്ഞാതാവായ ക്രിസ് മെസിന എന്ന അമേരിക്കൻ ടെക്നോളജി വിദഗ്ധൻ ട്വിറ്റർ വിട്ടു. ഇലോൺ മസ്കാണ് ഇതിന് കാരണമെന്നാണ് ക്രിസ് പറയുന്നത്. ഹാഷ് (#) എന്ന സിംബൽ ഒരു വാക്കിനോ വാചകത്തിനോ മുന്നിൽ പിൻ ചെയ്യുന്നതിനെയാണ് ഹാഷ്ടാഗ് എന്ന് പറയുന്നത്. ഒരു പോയിന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താനും അതിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുമാണ് ഹാഷ് ടാഗുകൾ സാധാരണയായി ഉപയോഗിക്കുന്നത്.
ഹാഷ്ടാഗിന്‍റെ സാധ്യത കൂടുതൽ പ്രയോജനപ്പെടുത്തുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോം ട്വിറ്ററാണ്. ഹാഷ് ടാഗ് ക്യാമ്പയിനുകൾക്ക് ട്വിറ്റർ വേദിയാകാനും കാരണമതാണ്. മസ്കിന്റെ പുതിയ തീരുമാനമാണ് ക്രിസിനെ ട്വിറ്ററിൽ നിന്ന് പുറത്തുപോവാൻ പ്രേരിപ്പിച്ചത്. ലെഗസി ബ്ലൂ ബാഡ്ജുകൾ നീക്കം ചെയ്യാനുള്ള മസ്കിന്റെ തീരുമാനം ചർച്ചയായിരിക്കുകയാണ് ഇപ്പോൾ. ഇത് തന്നെയാണ് ക്രിസിന്റെ ഇറങ്ങിപ്പോക്കിന് പിന്നിലുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
തന്‍റെ ബ്ലൂ ടിക്ക് അസാധുവാക്കിയതല്ല ട്വിറ്റർ വിടാനുള്ള കാരണമെന്നും, നിലവിലെ വെരിഫിക്കേഷൻ സംവിധാനം കൈകാര്യം ചെയ്യുന്ന രീതി തന്നെ രാജിയിലേക്ക് നയിക്കുകയായിരുന്നുവെന്നും ക്രിസ് വ്യക്തമാക്കി. കഴിഞ്ഞ ആറു മാസക്കാലം കൊണ്ട് ലഭിക്കുന്നതിനെക്കാൾ പരിഗണനയും മാന്യതയും ട്വിറ്റർ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ അക്കൗണ്ട് അദ്ദേഹം പ്രൈവറ്റുമാക്കി.
‘മുമ്പ് ട്വിറ്റർ എന്തായിരുന്നാലും കഴിഞ്ഞ ആറ് മാസക്കാലം ലഭിച്ചതിനേക്കാൾ മാന്യതയും പരിഗണനയുംഅത് അർഹിക്കുന്നുണ്ട്, -മെസിന ദ വെർജിനോട് പറഞ്ഞു. നിലവിൽ അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് പ്രൈവറ്റ് ആക്കി മാറ്റിയിരിക്കുകയാണ്. ഹാഷ് ടാഗുകളെ താൻ വെറുക്കുന്നതായി മസ്ക് തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു. സ്പേസ് എക്സുമായി ബന്ധപ്പെട്ട് ചാറ്റ്ജിപിടി ക്രിയേറ്റ് ചെയ്ത ചിത്രത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.ഇലോൺ മസ്ക് ലൈക്ക് ചെയ്യാൻ സാധ്യതയുള്ള ട്വീറ്റ് നിർമിക്കാനാവശ്യപ്പെട്ടതിനെ തുടർന്നാണ് ചാറ്റ്ജിപിടി ട്വിറ്റ് നിർമിച്ചത്.