കൊച്ചി: എറണാകുളം ഊന്നുകല്ലിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച 77 വയസുള്ള വൈദികനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്. ഇതിനായി കോടതിയിൽ അപേക്ഷ നൽകും. കഴിഞ്ഞ ദിവസാണ് ഓർത്തഡോക്സ് സഭ വൈദികനായ ശെമവൂൻ റമ്പാനെ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഉച്ചഭക്ഷണം നൽകാനായി പള്ളിമേടയിലെത്തിയ പെൺകുട്ടിയെ വൈദികൻ കയറിപ്പിടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്യുകയായിരുന്നു.
ഏപ്രിൽ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിമേടയിൽ വച്ച് പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ ഊന്നുകൽ പൊലീസ് വൈദികനെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ വൈദികനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പത്തനംതിട്ട സ്വദേശിയായ വൈദികൻ ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായാണ് പള്ളിയിൽ താൽക്കാലിക ചുമതലയുമായെത്തിയത്. സംഭവത്തിൽ റമ്പാനെ സംരക്ഷിക്കില്ലെന്ന് അറിയിച്ച ഓർത്തഡോക്സ് സഭയും അന്വേഷണം തുടങ്ങി. സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവയുടെ നിർദ്ദേശപ്രകാരം മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. സമിതി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ നൽകിയ നിർദ്ദേശം. പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയിൽ നിന്നും സഭ നീക്കിയിരുന്നു.