ലഖ്നൗ: അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അൽ ഖ്വയിദയുടെ ഇന്ത്യൻ വിഭാഗം. അതീഖിനെയും സഹോദരൻ അഷ്‌റഫിനെയും രക്തസാക്ഷികളെന്നും ഭീകരസംഘടന വിശേഷിപ്പിച്ചു. ശനിയാഴ്ച രാത്രി മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരെന്ന വ്യാജേന മുന്നു പേർ 60കാരനായ മുന്‍എംപിയെയും സഹോദരനേയും വെടിവച്ചത്. ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീർപൂർ സ്വദേശി അരുൺ മൌര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആസൂത്രിതമായിട്ടാണ് പ്രതികൾ കൊലപാതകം നടപ്പാക്കിയത്. പൊലീസ് കാവൽ മറികടന്ന് പോയിൻറ് ബ്ളാങ്കിൽ നിറയൊഴിച്ചാണ് ഇവർ അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. വെടിവെപ്പിൽ ലവേഷിന് പരിക്കേറ്റെന്നാണ് പൊലീസ് ഭാഷ്യം. ഏപ്രില്‍ 13ന് ഝാന്‍സിയില്‍ വച്ച് വെടിവച്ച് കൊന്ന അതിഖ് അഹമ്മദിന്റെ മകന്‍ അസദിന്‍റെ അന്ത്യ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഈ വെടിവയ്പ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കൊല്ലപ്പെട്ടാൽ മുദ്രവെച്ച ഒരു കവർ സുപ്രീംകോടതിക്കും മറ്റൊരു കവർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ലഭിക്കുമെന്ന് അതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്റഫ് പറഞ്ഞിരുന്നതായി അഭിഭാഷകൻ. എന്നാൽ എന്താണ് കവറിലെ ഉള്ളടക്കം എന്ന് പറഞ്ഞിരുന്നില്ലെന്നും അഭിഭാഷകനായ വിജയ് മിശ്ര വ്യക്തമാക്കി. ജയിലിൽ നിന്ന് പുറത്തു വരുമ്പോൾ 15 ദിവസത്തിനുള്ളിൽ കൊല്ലപ്പെടുമെന്ന് ഒരു പൊലീസുകാരൻ പറഞ്ഞിരുന്നതായി അഷ്റഫ് തങ്ങളോട് പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ചയാണ് അഭിഭാഷകന്‍ അവകാശവാദവുമായി എത്തിയത്. ജീവന് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ പൊലീസുകാരന്‍റെ പേര് അഷ്റഫ് വിശദമാക്കിയില്ലെന്നും വിജയ് മിശ്ര പറയുന്നു.