കോഴിക്കോട്ട്: വിഷം കലർന്ന ഐസ്ക്രീം കഴിച്ച് കോഴിക്കോട് കൊയിലാണ്ടിയിൽ 12 കാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരി അറസ്റ്റിലായിരുന്നു. ഐസ്ക്രീമിൽ എലിവിഷം ചേർത്ത് നൽകിയാണ് അരിക്കുളം സ്വദേശി മുഹമ്മദ് അലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയെ കൊലപ്പെടുത്തിയത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം അഹമ്മദ് ഹസന്റെ മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.
ഐസ്ക്രീമിൽ എലിവിഷം ചേർത്ത് നൽകിയാണ് 12 വയസ്സുകാരൻ അഹമ്മദ് ഹസൻ റിഫായിയെ കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ ആദ്യം നിഷേധിച്ചെങ്കിലും, പിന്നീട് അഹമ്മദ് ഹസന്‍റെ പിതൃസഹോദരി കുറ്റം സമ്മതിച്ചു. കഴിഞ്ഞ ഞായറാഴ്ച കൊയിലാണ്ടി അരിക്കുളത്തെ കടയിൽ നിന്ന് ഐസ്ക്രീം വാങ്ങി. എലിവിഷം സംഘടിപ്പിച്ചത് കൊയിലാണ്ടി ടൗണിലെ കടയിൽ നിന്നെന്നും ഇവർ മൊഴി നൽകി.
എലിവിഷം ഐസ്ക്രീമിൽ കലർത്തിയ ശേഷം അരിക്കുളത്തെ വീട്ടിലെത്തി കുട്ടിക്ക് നൽകി. ഐസ്ക്രീം കഴിച്ചതോടെ, അഹമ്മദ് ഹസൻ തുടർച്ചയായി ഛർദിച്ചിരുന്നു. വിവിധ ആശുപത്രികളിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഭക്ഷ്യവിഷബാധയെന്ന സംശയത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെ പരിശോധന നടത്തി ഐസ്ക്രീം വിറ്റ കട അടപ്പിച്ചിരുന്നു. ഇതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നത്. അമോണിയം ഫോസ്ഫേറ്റ് ഉളളിൽച്ചെന്നാണ് കുട്ടിയുടെ മരണമെന്നായിരുന്നു നിഗമനം.
തുടർന്ന് ബന്ധുക്കളെയുൾപ്പെടെ ചോദ്യംചെയ്തതിൽ നിന്നാണ് പിതൃസഹോദരിയാണ് പ്രതിയെന്ന് പൊലീസിന് വിവരം കിട്ടിയത്. ഇവർ ഐസ്ക്രീമും ശീതളപാനിയവും വാങ്ങിയ കടയിലെ സിസിടിവി ദൃശ്യളുൾപ്പെടെ പൊലീസ് ശേഖരിച്ചു. ഇവർക്ക് മാനിസാസ്വാസ്ഥ്യം ഉണ്ടെന്നും നേരത്തെ ചികിത്സ തേടിയിരുന്നതായും പൊലീസ് പറയുന്നു. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.