പ്രായത്തിന് മുതിർന്ന ആളുകൾക്കൊപ്പം സൽമാൻ ഖാൻ ഫൈറ്റ് രംഗങ്ങൾ ചെയ്യില്ലെന്ന് നടൻ ജഗപതി ബാബു. സൽമാന്റെ ആ തീരുമാനം കാരണം സിനിമയിൽ മുടി കറുപ്പിച്ചാണ് അഭിനയിച്ചതെന്ന് നടൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ കിസി കാ ഭായ് കിസി കി ജാനിൽ വില്ലനായി എത്തിയത് ജഗപതി ബാബു ആയിരുന്നു.
സൽമാനോടൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കവെയാണ് ഇക്കാര്യം പറഞ്ഞത്.‘സല്‍മാനുമൊത്തുള്ള ആക്ഷന്‍ രംഗമൊക്കെ വളരെ എളുപ്പമായിരുന്നു. ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്റെ മുടി കറുപ്പിക്കാനും കുറച്ചുകൂടി ചെറുപ്പമായി സ്ക്രീനില്‍ കാണാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. കാരണം, തന്നേക്കാള്‍ മുതിര്‍ന്ന ആളോട് ആക്ഷൻ രംഗം ചെയ്യില്ല . അതിനാല്‍ മുടി കറുപ്പിച്ചാണ് ചിത്രത്തില്‍ അഭിനയിച്ചത്- ജഗപതി ബാബു പറഞ്ഞു.
സൽമാൻ ഖാനെ കേന്ദ്രകഥാപാത്രമാക്കി ഫർഹാദ് സാംജി സംവിധാനം ചെയ്ത കിസി കാ ഭായ് കിസി കി ജാൻ ഈദ് റിലീസായിട്ടാണ് തിയറ്ററുകളിൽ എത്തിയത്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പൂജ ഹെഗ്ഡേയാണ് നായിക.. സൽമാൻ ഖാൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.