രണ്ടാം ലോക മഹായുദ്ധകാലത്ത് 1942 ജൂലൈ 1 ന് യുഎസ് സൈന്യം മുക്കിയ ജാപ്പനീസ് ഗതാഗത കപ്പലായ മോണ്ടെവീഡിയോ മാറുവിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഫിലിപ്പീന്‍സിന് സമീപത്ത് കൂടി പോവുകയായിരുന്ന ജാപ്പനീസ് കപ്പലില്‍ 1000 ഓസ്ട്രലിയന്‍ യുദ്ധത്തടവുകാരായിരുന്നു ഉണ്ടായിരുന്നത്. കപ്പലില്‍ ഓസ്ട്രേലിയന്‍ യുദ്ധതടവുകാരുണ്ടെന്ന് അറിയാതെ യുഎസ് സൈന്യം ടോര്‍പ്പിഡോ ഉപയോഗിച്ച് കപ്പല്‍ മുക്കുകയായിരുന്നു. 850 സൈനീകരടക്കം 979 ഓസ്ട്രേലിയന്‍ പൗരന്മാരായിരുന്നു ഈ സമയം കപ്പലില്‍ ഉണ്ടായിരുന്നത്. കടലില്‍ നാല് കിലോമീറ്റര്‍ താഴ്ചയിലാണ് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
മോണ്ടിവീഡിയോ മാറു കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തിയതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി അൽബനീസാണ് അറിയിച്ചത്. “ദീർഘമായ ജാഗ്രത പാലിച്ച പ്രിയപ്പെട്ടവർക്ക് ഇന്നത്തെ വാർത്ത ഒരു പരിധിവരെ ആശ്വാസം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” അദ്ദേഹം തന്‍റെ സാമൂഹിക മാധ്യമ പേജില്‍ കുറിച്ചു. ഫിലിപ്പൈൻസിലെ പ്രധാന ദ്വീപായ ലുസോണിന്‍റെ വടക്കുപടിഞ്ഞാറ് ദക്ഷിണ ചൈനാ കടലിൽ കപ്പലിന്‍റെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ ആരംഭിച്ചത് ഏപ്രിൽ 6 -ാം തിയതി ആയിരുന്നു. സോണാർ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വയംനിയന്ത്രിത അണ്ടർവാട്ടർ വാഹനം ഉൾപ്പെടെയുള്ള ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് വെറും 12 ദിവസത്തിനുള്ളില്‍ അവശിഷ്ടം കണ്ടെത്താന്‍ കഴിഞ്ഞു. ടൈറ്റാനിക്കിനേക്കാൾ വലിയ ആഴത്തിൽ കിടക്കുന്ന അവശിഷ്ടങ്ങൾ വലിയ കേടുപാടില്ലാതെ കിടക്കുന്നതായി മാരിടൈം ആർക്കിയോളജി ഗ്രൂപ്പായ സൈലന്‍റ് വേൾഡ് ഫൗണ്ടേഷൻ അറിയിച്ചു.
“മോണ്ടെവീഡിയോ മാറുവിന്‍റെ കണ്ടെത്തലോടെ ഓസ്‌ട്രേലിയൻ സൈനിക, സമുദ്ര ചരിത്രത്തിലെ ഭയാനകമായ ഒരു അധ്യായം അവസാനിപ്പിക്കുന്നു,” എന്ന് ഡച്ച് സഹകരണത്തോടെ പര്യവേക്ഷണത്തിനിറങ്ങിയ സൈലന്‍റ് വേൾഡിന്‍റെ ഡയറക്ടർ ജോൺ മുള്ളൻ പറഞ്ഞു. ഓസ്‌ട്രേലിയൻ സൈന്യത്തിന്‍റെ സഹായവും കടൽ സർവേ സ്ഥാപനമായ ഫുഗ്രോയുടെ സഹായവും പര്യവേക്ഷണത്തിന് ലഭിച്ചിരുന്നു. പര്യവേക്ഷണ സംഘത്തിലുണ്ടായിരുന്ന ആൻഡ്രിയ വില്യംസിന്‍റെ മുത്തച്ഛന്‍ മോണ്ടെവീഡിയോ മാറുവിലെ ഓസ്ട്രേലിയന്‍ തടവുകാരില്‍ ഒരാളായിരുന്നു. കപ്പലിലുണ്ടായിരുന്ന ഓസ്ട്രേലിയക്കാരുടെ ബന്ധുക്കള്‍ക്ക് ഇത് അസാധാരണവും സുപ്രധാനവുമായ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ 81 വര്‍ഷം വീണ്ട ദുരൂഹതയ്ക്ക് അന്ത്യമായതായി ഓസ്‌ട്രേലിയൻ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ട് പറഞ്ഞു.