തൊടുപുഴ: മണിയാറൻകുടി-ഉടുമ്പന്നൂർ റോഡ് ഉൾപ്പെടെ പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽപെടുത്തി ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ 17 റോഡുകൾക്ക് 85.77 കോടിയുടെ കേന്ദ്രാനുമതി ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. രണ്ട് പദ്ധതിയായാണ് ഉടുമ്പന്നൂർ-മണിയാറൻകുടി റോഡ് പ്രവൃത്തി ഏറ്റെടുക്കുന്നത്.
ഉടുമ്പന്നൂർ-കൈതപ്പാറ 8.805 കിലോമീറ്ററിന് 8.46 കോടിയും കൈതപ്പാറ – മണിയാറൻ കുടി ഭാഗം 9.735 കി.മീ. 9.24 കോടിയും ഉൾപ്പെടെ 18.55 കി.മീ ദൂരമാണ് മണിയാറൻകുടി മുതൽ ഉടുമ്പന്നൂർവരെ പൂർത്തീകരിക്കുന്നത്.
ഗ്രാമവികസന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതോടെ റോഡിന് അവശേഷിക്കുന്നത് വനം വകുപ്പിന്റെ അനുമതി മാത്രമാണ്. രണ്ട് പദ്ധതിക്കുമായി 17.70 കോടിയുടെ ഭരണാനുമതി ലഭിച്ചു. ഏലപ്പാറ പഞ്ചായത്തിലെ ഏലപ്പാറ-ഹെലിബറിയ-ശാന്തിപ്പാലം റോഡിനും (7.75 കി.മീ) 7.20 കോടിയുടെ ഭരണാനുമതിയായിട്ടുണ്ട്. ഇടുക്കി ജില്ലയിൽ ഈ ഘട്ടത്തിൽ 13 റോഡുകൾക്ക് 66.97 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. മൂവാറ്റുപുഴ-കോതമംഗലം നിയോജക മണ്ഡലങ്ങളിൽ നാലു പദ്ധതികൾക്ക് 7.1537 കോടിയുടെ അനുമതിയും ലഭിച്ചു.