ബംഗളൂരു: കർണാടകയിലെ ബി.ജെ.പി നേതൃത്വം ബി.എസ് യെദിയൂരപ്പയെ സമ്മർദത്തിലാക്കിയെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി.കെ ശിവകുമാർ. യെദിയൂരപ്പയെ ബി.ജെ.പി പീഡിപ്പിച്ചത് രഹസ്യമല്ലെന്നും ശിവകുമാർ പറഞ്ഞു. ബംഗളൂരുവിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർണാടക രാജ്യത്തിന്റെ അഴിമതിയുടെ തലസ്ഥാനമായി മാറിയെന്നും ഇതിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി വരികയും പ്രസംഗിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ പ്രസംഗിക്കാൻ അനുവദിക്കുക. മോദിക്ക് കർണാടകയിലെ അഴിമതി തടയാനാവില്ലെന്നും ശിവകുമാർ പറഞ്ഞു. സർക്കാർ കരാറുകൾ നേടാൻ ഇപ്പോഴും 40 ശതമാനം കമീഷൻ കൊടുക്കണമെന്നും അദ്ദേഹം ആരോപിച്ചു.
കർണാടകയിൽ ഭരണവിരുദ്ധ വികാരം നേരിടുന്ന ബി.ജെ.പിയെ സംബന്ധിച്ചടുത്തോളം നിർണായകമാണ് യെദിയൂരപ്പയുടെ സാന്നിധ്യം. ലിംഗായത് വോട്ടുകളിൽ സ്വാധീനമുള്ള യെദിയൂരപ്പ ഇടഞ്ഞാൽ അത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.