ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂർ മണ്ഡലത്തിൽനിന്ന് മത്സരിക്കും. ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ശനിയാഴ്ച പുറത്തിറക്കി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ് രാജ് ജില്ലയിലെ സിരാതു മണ്ഡലത്തിൽനിന്ന് ജനവിധി തേടും. യോഗി ആദിത്യനാഥ് തുടർച്ചയായ അഞ്ചുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ഗൊരഖ്പൂർ. വളരെ കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും അന്തിമ തീരുമാനമെടുത്തത് പാർട്ടിയുടെ ഉന്നത നേതൃത്വമാണെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
പാർട്ടി ഏത് സീറ്റിലാണോ മത്സരിക്കാൻ ആവശ്യപ്പെടുന്നത് അവിടെനിന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ മണ്ഡലം മത്സരിക്കാനായി തെരഞ്ഞെടുക്കുന്നതിന് പകരം ഗൊരഖ്പൂരിൽതന്നെ മത്സരിക്കാനാണ് താൽപര്യമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. അതിനിടെ അയോധ്യയിൽനിന്നോ മഥുരയിൽനിന്നോ യോഗി മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേ സമയം നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്ത വെല്ലുവിളിയാണ് ബി.ജെ.പി നേരിട്ടുകൊണ്ടിരിക്കുന്നത്. മൂന്ന് മന്ത്രിമാർ ഉൾപ്പെടെ 10 എം.എൽ.എമാരാണ് ബി.ജെ.പി വിട്ടത്. ബി.ജെ.പിയുടെ കരുത്തരായിരുന്ന മുൻ മന്ത്രിമാർ ധരം സിങ് സയ്നിയും സ്വാമി പ്രസാദ് മൗര്യയും അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയിലെത്തുകയും ചെയ്തു.